Friday, January 30, 2009

കുറെ രജനീ(--)കാന്ത് വിശേഷങ്ങൾ......

തെറ്റിദ്ധരിക്കരുതേ എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടേ. നമ്മുടെ സ്റ്റൈൽ മന്നൻ രജനീകാന്തല്ല ഈ നടന്ന സംഭവത്തിലെ നായകൻ എന്റെ ഏറ്റവുമടുത്ത കൂട്ടുകാരനാ‍ണു ഇദ്ദേഹം, ശരിയായ പേരു പറയാൻ നിവർത്തിയില്ലാത്തത് കൊണ്ട് ഈ പേർ ഇട്ടന്നേയുള്ളൂ.

ഞാനീ ബ്ലോഗ്ഗിലെ കുറെ ഏറെ ഇടങ്ങൾ ഇപ്പൊഴേ ടിയാനു വേണ്ടി മാറ്റിവയ്ച്ചിട്ടുണ്ട്. തുടക്കത്തിൽ ഈ സംഭവം തന്നെ ആയിക്കൊള്ളട്ടെ.

തലക്കെട്ട് : ഇലക്ഷനും പൈന്റൂം തമ്മിൽ എന്തു ബന്ധം ????
സമയം സന്ധ്യയോട് അടുക്കാറാകുന്നു, (--)കാന്തിന്റെ വീടിനു മുറ്റത്താണു ഞങ്ങൾ എല്ലാവരും.

ചൂടുപിടിച്ച ചർച്ച ഒരു വഴിയിലുമാകാതെ കട്ടൻ കാപ്പി തീർന്നു കൊണ്ടേയിരുന്നു. താടിക്കു കൈയ്യും കൊടൂത്തൂ കൊണ്ട് ഇടയിരാൻ അവന്റെ ശകടത്തിലിരിക്കുന്നൂ, അരുൺ അവന്റെ ലേഡീസ് സൈക്കിളിൽ ഞാൻ പൂമുഖപ്പടിയിൽ, ബോബൻ ബെഞ്ചിൽ, (--)കാന്താകട്ടെ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും അക്ഷമനായി ഉലാത്തുന്നു, (--)കാന്തിന്റെ അമ്മയാകട്ടെ പ്രതീക്ഷയോടെ ഞങ്ങളുടെ എല്ലാം മുഖത്തേക്ക് വളരെ പ്രതീക്ഷയോടെ മാറി മാറി നോക്കികൊണ്ടേ ഇരുന്നു.


പ്രിയ വായനക്കാര ഇപ്പോൾ താങ്കളും ആലോചിക്കയായിരിക്കും എന്തിനേപ്പറ്റി ആയിരിക്കും ഈ ചർച്ച എന്ന്.

ഇനി നേരെചൊവ്വേ തെളിച്ചങ്ങ് പറയാം, (--)കാന്തിന്റെ അമ്മ ചെട്ടികുളങ്ങര പഞ്ചായത്ത് ഇലക്ഷനിൽ സ്വതന്ത്രയായി മത്സരിക്കുന്നു. പ്രതിയോഗികളാവട്ടെ ഇടതും വലതും കരുത്തന്മാർ, അദ്ധ്യാപകർ, സർവ്വോപരി ജനസമ്മതർ. ഈ സാഹചര്യത്തിൽ എങ്ങനെ (--)കാന്തിന്റെ അമ്മയെ ജയിപ്പിക്കാം എന്നതായിരുന്നു അവിടെ ചൂടുപിടിച്ച ചർച്ച നടന്നത്.


മൊത്തം 850 വോട്ടുള്ളതിൽ പരിചയക്കാരുടെയും സുഹ്രുത്തുക്കളുടെയും ഞങ്ങളുടെ വീട്ടുകാരുടെയും എല്ലാം ചേർത്ത് എങ്ങനെ നോക്കിയിട്ടും 200 വോട്ട് കഷ്ടിച്ചാകുന്നതേയുള്ളൂ.

ഇനിയെന്താണൊരു പോംവഴി???


എല്ലാക്കാര്യത്തിലും എന്തെങ്കിലും ഒരഭിപ്രായം പറയുന്ന ബോബൻ പോലും നിശബ്ദനാണ്.

ഒരു എത്തും പിടിയും കിട്ടാതെ സമയം പൊയ്ക്കോണ്ടേയിരുന്നു....പ്രായമായവരെ വേണമെങ്കിൽ തന്റെ ബൈക്കിന്റെ പുറകിലെടുത്തു വെച്ചുകൊണ്ടു വരാം, എണ്ണ അടിച്ചു തന്നാൽ മതിയെന്ന് ഇടയിരാൻ പറഞ്ഞു. “പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണമെടാ” അരുൺ അവന്റെ സാഹായമനസ്സിനെ നിഷ്കരുണം തള്ളിക്കളഞ്ഞു.
അപ്പോഴാണു ഈ സംഭവത്തിലെ നായകനും വില്ലനും ആയ (--)കാന്തിന്റെ അച്ചന്റെ വരവ്.
ആദ്യമൊന്നും ഇവിടെന്താണു നടക്കുന്നതെന്നു പോലും അദ്ദേഹത്തിനു മനസ്സിലായില്ല.
അവസാനം ചർച്ചാവിഷയം പുള്ളിയോട് ബോബൻ വിശദീകരിച്ചു.
“ആഹാ ഇത്രേ ഉള്ളോ കാര്യം , ഇതിനാണൊ എല്ലാ അവൻമാരും കൂടി തല പുണ്ണാക്കുന്നത്”ഇതു വെറും നിസ്സാര കാര്യമല്ലിയോ ഞാൻ ശരിയാക്കിത്തരാം.
ഇവൾ ജയിക്കണമെങ്കിൽ ഒറ്റ വഴിയെ ഞാൻ കാണുന്നുള്ളൂ
“എന്താണത്???” ഞങ്ങളുടെ ചോദ്യം ഒരു സമൂഹഗാനം പോലെ ആയിരുന്നൂ.
“വളരെ നിസ്സാരം” പുള്ളി പ്രതിവചിച്ചു.


വളരെ പ്രതീക്ഷയോടെ ഞങ്ങൾ അദ്ദേഹത്തിന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു.

“എനിക്കു ഇന്നൊരു പൈന്റ് വാങ്ങിച്ചു തന്നാൽ ഈ ഇലക്ഷനിൽ ഇവൾ തന്നെ ജയിക്കും”
പിന്നെ അവിടെ നടന്നത് പറയാൻ (--)കാന്ത് ഞങ്ങളുടെ സുഹ്രുത്തായതു കൊണ്ട് നിവർത്തിയില്ല.
ഇലക്ഷൻ ഫലം വന്നപ്പോൾ (--)കാന്തിന്റെ അമ്മയ്ക്കു രണ്ട് വോട്ടേ കിട്ടിയുള്ളൂ എന്നതു വാൽക്കഷ്ണമായി കിടക്കട്ടെ.

Monday, January 26, 2009

ഞങ്ങളുടെ പ്രിയപ്പെട്ട പപ്പാച്ചിക്ക്..................

ഒരു ദിവസം പ്രത്യേകിച്ചു ഒന്നും പറയാതെ ഒരു സൂചന പോലും തരാതെ ഞ്ഞങ്ങളെ ഒറ്റയ്ക്കാക്കി
പോയ പപ്പാച്ചിക്ക്................

ജനുവരി 31 നു ഞ്ഞങ്ങളിൽ നിന്നു അകന്നു പോയിട്ട് ഒരു വർഷം തികയുന്നു.

എന്നോടെങ്കിലും ഒന്നു സൂചിപ്പിച്ചിട്ടു പോകാമായിരുന്നു,അങ്ങനെയെങ്കിൽ ഞാൻ ഇത്രയും തകർന്നു പോകുമായിരുന്നില്ല...............
തുരുത്തിലൊറ്റപ്പെട്ടവനെ പോലെ പപ്പായുടെ മണിച്ചിയെയും കലമോളെയും നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് ഒരു തുള്ളി കണ്ണുനീരു പോലൂം ഇറ്റാതെ ഞാൻ എങ്ങനെ നിന്നു എന്ന് ഇന്നും എനിക്കറിയില്ലാ,,,,,
ഞനിത്രയും സ്നേഹിച്ചതല്ലേ പോകുമ്പോൾ എന്നോട് “കണ്ണൻ മോനെ ഞാൻ പോകുവാടാ” എന്നൊരു
വാക്കു പറയാമായിരുന്നു,,,,,എങ്കിൽ എന്റെ വീഴ്ച ഇത്ര ആഴതിലുള്ളതകുമായിരുന്നില്ല.
എന്നേക്കൊണ്ട് കഴിയുമാ‍യിരുന്നില്ല എങ്കിലും മോൾടെ കല്യാണം ഭംഗിയായി തന്നെ നടത്തിയിട്ടുണ്ട്.
നമ്മൾടെ സ്വപ്നക്കൂട്ടിൽ പപ്പാച്ചിയില്ലെന്ന ഒരൊറ്റ കൂറവ് മാത്രമെ ഉള്ളൂ.
തന്നെ കിടക്കാൻ പോലും പേടിയുള്ള പപ്പാച്ചി ചിത അടുക്കിയപ്പൊൾ പേടിക്കുമോ എന്നു മാത്രമായിരുന്നു എന്റെ ഭയം.......അപ്പോൾ മാത്രമേ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുള്ളൂ.
ഇപ്പോഴും ചില ഉച്ച നേരങ്ങളിൽ ഞാൻ വെറുതേ എന്റെ മൊബൈലിൽ നോക്കാറുണ്ട് “ എവിടാ കണ്ണൻ മോനെ നീ......ഉണ്ണാൻ വരുന്നില്ലേ, പുളിശ്ശേരിയും മീനും ശരി ആക്കിയിട്ടുണ്ട് പെട്ടന്നു വാ”
എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നുണ്ടോന്ന്.........ഇനിയൊരിക്കലും അങ്ങനെയൊന്നു ഉണ്ടാകില്ല എന്നു അറിയാമെങ്കിലും.
പപ്പാ പോയതിനു ശേഷം ഞാനെന്തെല്ലാം അനുഭവിച്ചു എന്നു ഞാൻ പറയെണ്ട കാര്യമില്ലല്ലോ....എല്ലാം കാണാൻ കഴിയുമല്ലോ.........
നമ്മുടെ മണികുട്ടി ഓട്ടോ മാവേലിക്കരയിൽ കൂടി ഓടുന്നത് ഞാൻ കണ്ടു. ഒന്നും വേണ്ടായിരുന്നു നമുക്ക് നമ്മുടെ പഴയ സ്വർഗം മതിയായിരുന്നെന്ന് അപ്പോളെനിക്കു തോന്നി.
പിന്നെ നമ്മുടെ “ഫോർത്ത്” ഇന്നില്ല,,, അവസാന ആണിയും അതിന്മേൽ അടിച്ചു കഴിഞ്ഞു.
നെഞ്ച് പറിച്ചെറിയുന്ന വേദനയോടെ ആണതു ഞാൻ നോക്കി നിന്നത്. എനിക്കെന്തു ചെയ്യാൻ കഴിയും.
ഇനിയും എല്ലാം പഴയതു പോലെ ശരിയാകും എന്ന് കരുതി വീണ്ടും ഒരു യുദ്ധത്തിനു ഞാൻ തയ്യാറാകുകയാണു,,,,,, നമ്മെ സഹായിച്ച പലരേയും അഭിമുഖീകരിക്കാൻ കഴിയാതെ ഞാൻ ഇപ്പോൾ ഒഴിഞ്ഞു മാറുകയാണു....എല്ലാം നാളെ ശരിയാക്കാം എന്ന വിശ്വാസത്തോട് കൂടി.
എന്നെ നേർവഴി കാട്ടിത്തരാൻ എനിക്കു പപ്പാച്ചി അല്ലാതെ ആരുമില്ല എന്നറിയാമല്ലോ....
ഒരേ ഒരാഗ്രഹം അടുത്ത ജന്മത്തിലും എനിക്ക് പപ്പായുടെ മോനായി തന്നെ ജനിച്ചാൽ മതി എന്നുള്ളതാണൂ കാരണം ഞങ്ങളെ സ്നേഹിച്ച് പപ്പാച്ചിക്ക്കും, പപ്പാച്ചിയെ സ്നേഹിച്ച് ഞങ്ങൾക്കും കൊതി തീർന്നില്ല എന്നതു തന്നെ.


എന്നു

പപ്പാച്ചിയുടെ സ്വന്തം കണ്ണൻ മോൻ