ഞാനീ ബ്ലോഗ്ഗിലെ കുറെ ഏറെ ഇടങ്ങൾ ഇപ്പൊഴേ ടിയാനു വേണ്ടി മാറ്റിവയ്ച്ചിട്ടുണ്ട്. തുടക്കത്തിൽ ഈ സംഭവം തന്നെ ആയിക്കൊള്ളട്ടെ.
തലക്കെട്ട് : ഇലക്ഷനും പൈന്റൂം തമ്മിൽ എന്തു ബന്ധം ????
സമയം സന്ധ്യയോട് അടുക്കാറാകുന്നു, (--)കാന്തിന്റെ വീടിനു മുറ്റത്താണു ഞങ്ങൾ എല്ലാവരും.
ചൂടുപിടിച്ച ചർച്ച ഒരു വഴിയിലുമാകാതെ കട്ടൻ കാപ്പി തീർന്നു കൊണ്ടേയിരുന്നു. താടിക്കു കൈയ്യും കൊടൂത്തൂ കൊണ്ട് ഇടയിരാൻ അവന്റെ ശകടത്തിലിരിക്കുന്നൂ, അരുൺ അവന്റെ ലേഡീസ് സൈക്കിളിൽ ഞാൻ പൂമുഖപ്പടിയിൽ, ബോബൻ ബെഞ്ചിൽ, (--)കാന്താകട്ടെ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും അക്ഷമനായി ഉലാത്തുന്നു, (--)കാന്തിന്റെ അമ്മയാകട്ടെ പ്രതീക്ഷയോടെ ഞങ്ങളുടെ എല്ലാം മുഖത്തേക്ക് വളരെ പ്രതീക്ഷയോടെ മാറി മാറി നോക്കികൊണ്ടേ ഇരുന്നു.
പ്രിയ വായനക്കാര ഇപ്പോൾ താങ്കളും ആലോചിക്കയായിരിക്കും എന്തിനേപ്പറ്റി ആയിരിക്കും ഈ ചർച്ച എന്ന്.
ഇനി നേരെചൊവ്വേ തെളിച്ചങ്ങ് പറയാം, (--)കാന്തിന്റെ അമ്മ ചെട്ടികുളങ്ങര പഞ്ചായത്ത് ഇലക്ഷനിൽ സ്വതന്ത്രയായി മത്സരിക്കുന്നു. പ്രതിയോഗികളാവട്ടെ ഇടതും വലതും കരുത്തന്മാർ, അദ്ധ്യാപകർ, സർവ്വോപരി ജനസമ്മതർ. ഈ സാഹചര്യത്തിൽ എങ്ങനെ (--)കാന്തിന്റെ അമ്മയെ ജയിപ്പിക്കാം എന്നതായിരുന്നു അവിടെ ചൂടുപിടിച്ച ചർച്ച നടന്നത്.മൊത്തം 850 വോട്ടുള്ളതിൽ പരിചയക്കാരുടെയും സുഹ്രുത്തുക്കളുടെയും ഞങ്ങളുടെ വീട്ടുകാരുടെയും എല്ലാം ചേർത്ത് എങ്ങനെ നോക്കിയിട്ടും 200 വോട്ട് കഷ്ടിച്ചാകുന്നതേയുള്ളൂ.
ഇനിയെന്താണൊരു പോംവഴി???എല്ലാക്കാര്യത്തിലും എന്തെങ്കിലും ഒരഭിപ്രായം പറയുന്ന ബോബൻ പോലും നിശബ്ദനാണ്.
ഒരു എത്തും പിടിയും കിട്ടാതെ സമയം പൊയ്ക്കോണ്ടേയിരുന്നു....പ്രായമായവരെ വേണമെങ്കിൽ തന്റെ ബൈക്കിന്റെ പുറകിലെടുത്തു വെച്ചുകൊണ്ടു വരാം, എണ്ണ അടിച്ചു തന്നാൽ മതിയെന്ന് ഇടയിരാൻ പറഞ്ഞു. “പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണമെടാ” അരുൺ അവന്റെ സാഹായമനസ്സിനെ നിഷ്കരുണം തള്ളിക്കളഞ്ഞു.അപ്പോഴാണു ഈ സംഭവത്തിലെ നായകനും വില്ലനും ആയ (--)കാന്തിന്റെ അച്ചന്റെ വരവ്.
ആദ്യമൊന്നും ഇവിടെന്താണു നടക്കുന്നതെന്നു പോലും അദ്ദേഹത്തിനു മനസ്സിലായില്ല.
അവസാനം ചർച്ചാവിഷയം പുള്ളിയോട് ബോബൻ വിശദീകരിച്ചു.
“ആഹാ ഇത്രേ ഉള്ളോ കാര്യം , ഇതിനാണൊ എല്ലാ അവൻമാരും കൂടി തല പുണ്ണാക്കുന്നത്”ഇതു വെറും നിസ്സാര കാര്യമല്ലിയോ ഞാൻ ശരിയാക്കിത്തരാം.
ഇവൾ ജയിക്കണമെങ്കിൽ ഒറ്റ വഴിയെ ഞാൻ കാണുന്നുള്ളൂ
“എന്താണത്???” ഞങ്ങളുടെ ചോദ്യം ഒരു സമൂഹഗാനം പോലെ ആയിരുന്നൂ.
“വളരെ നിസ്സാരം” പുള്ളി പ്രതിവചിച്ചു.
വളരെ പ്രതീക്ഷയോടെ ഞങ്ങൾ അദ്ദേഹത്തിന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു.
“എനിക്കു ഇന്നൊരു പൈന്റ് വാങ്ങിച്ചു തന്നാൽ ഈ ഇലക്ഷനിൽ ഇവൾ തന്നെ ജയിക്കും”പിന്നെ അവിടെ നടന്നത് പറയാൻ (--)കാന്ത് ഞങ്ങളുടെ സുഹ്രുത്തായതു കൊണ്ട് നിവർത്തിയില്ല.
ഇലക്ഷൻ ഫലം വന്നപ്പോൾ (--)കാന്തിന്റെ അമ്മയ്ക്കു രണ്ട് വോട്ടേ കിട്ടിയുള്ളൂ എന്നതു വാൽക്കഷ്ണമായി കിടക്കട്ടെ.
No comments:
Post a Comment